കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
കേരളത്തിലെ ഒരു പ്രസിദ്ധ ഹൈന്ദവ ദേവാലയംകോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ മീനച്ചിലാറിന്റെ തെക്കേക്കരയിൽ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഒരു ക്ഷേത്രമാണ് കിടങ്ങൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. ബാലബ്രഹ്മചാരിസങ്കല്പത്തിലുള്ള സുബ്രഹ്മണ്യസ്വാമിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കൂടാതെ തൊട്ടടുത്ത് തുല്യപ്രാധാന്യത്തോടെ മഹാവിഷ്ണുവും ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ഭുവനേശ്വരി, ശ്രീകൃഷ്ണൻ, യക്ഷിയമ്മ എന്നിവരും കുടികൊള്ളുന്നുണ്ട്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങളിലൊന്നായ ഇവിടെ പത്തുവയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനമില്ല എന്നത് ശ്രദ്ധേയമാണ്. ബ്രഹ്മചാരീഭാവത്തിലുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ഇങ്ങനെ എന്നത് ശ്രദ്ധേയമാണ്. ഈ ക്ഷേത്രത്തിലെ കൂത്തമ്പലവും അതിപ്രസിദ്ധമാണ്. ഈ കൂത്തമ്പലം പണിതത് ഉളിയന്നൂർ പെരുംതച്ചനാണെന്ന് വിശ്വസിച്ചുവരുന്നു. തെക്കോട്ട് ദർശനം നൽകുന്ന ഈ കൂത്തമ്പലത്തിലാണ് ഭുവനേശ്വരി-യക്ഷിപ്രതിഷ്ഠകളുള്ളത്. ഇവിടെയുള്ള ഒരു തൂൺ നിർമ്മിച്ചത് കുറുന്തോട്ടിമരം കൊണ്ടാണ് എന്നത് ശ്രദ്ധേയമാണ്. ഒരു ഔഷധച്ചെടിയായ കുറുന്തോട്ടി ഒരു മരമായി മാറുന്നത് അത്യദ്ഭുതകരമായ ഒരു പ്രത്യേകതയാണ്. കുംഭമാസത്തിൽ കാർത്തിക നാളിൽ കൊടികയറി പത്താം ദിവസം മീനച്ചിലാറ്റിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. കൂടാതെ മകരമാസത്തിൽ തൈപ്പൂയം, തുലാമാസത്തിൽ സ്കന്ദഷഷ്ഠി എന്നിവയും വിശേഷദിവസങ്ങളാണ്. കേരള ഊരാണ്മ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
